മര്‍ക്കോസ് 4: 39,40
മനുഷ്യനെ കുരുക്കാന്‍ ‘ഈഗോ’ ഉപയോഗിക്കുന്ന ആയുധമാണ് ഭയം. അതോടെ ആ വ്യക്തി തികച്ചും ഈഗോയുടെ അടിമയായി. നാം ഓരോരുത്തരും ഏതെങ്കിലും തരത്തില്‍ പ്രശസ്തരാകാന്‍ യോഗ്യരാണ്. പക്ഷേ, അത് പ്രകടിപ്പിക്കാന്‍ വേണ്ടത്ര ധൈര്യം ഉണ്ടായില്ലെന്നു വരാം. അതിനു കാരണം നമുക്കു നമ്മേക്കുറിച്ചു തന്നെ വിശ്വാസമില്ല എന്നതാണ്. അപ്പോള്‍ അതൊരു പരാതിയായി നമ്മില്‍ നിന്നും ഉയര്‍ന്നേക്കാം. അതിങ്ങനെയായിരിക്കും. തന്റെ കഴിവുകള്‍ ആരും അംഗീകരിക്കുന്നില്ല.

നാം എന്തിനെ ഭയപ്പെടുന്നുവോ, നാം അതിൻ്റെ അടിമയായിരിക്കും.
ഭയപ്പെടുമ്പോൾ ഭാവനയും വിശ്വാസവുമെല്ലാം ബലഹീനമാകും
ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും തുടക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭയമുണ്ടായാല്‍ ആ കാര്യവുമായി മുന്നോട്ടു പോകാനുള്ള ചാന്‍സ് വളരെ കുറവായിരിക്കും.
വി. മര്‍ക്കോസ് എഴുതിയ ഒരു സുവിശേഷ ഭാഗത്ത് ഇങ്ങനെ പറയുന്നു:
അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു ശാന്തത ഉണ്ടായി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?

മര്‍ക്കോസ് 4: 39,40
ദൈവസാന്നിദ്ധ്യം കൂടെ ഉണ്ടായിട്ടും കൊടുങ്കാറ്റിന്റെ ഭീകരതകളില്‍ നിന്നും ശിഷ്യന്മാര്‍ മോചിതരല്ലെന്നു നാം കാണുന്നു. കര്‍ത്താവിനെ വിളിച്ചുണര്‍ത്തുന്ന ശിക്ഷ്യന്മാരില്‍ പ്രകടമാകുന്നത് അവരുടെ അവിശ്വാസവും ഭയവുമാണ്. കാറ്റും കടലും നമ്മേ അനുസരിക്കണമെങ്കില്‍ ദൈവസാന്നിദ്ധ്യം മാത്രം പോര, ആ സാന്നിദ്ധ്യം നമ്മളിൽ തന്നെ ഉണ്ടെന്നുള്ള, ഉറപ്പാക്കുന്ന രക്ഷയില്‍ ഉറച്ചു വിശ്വസിക്കുകയും വേണം..!
ഇന്ന് വ്യക്തി ജീവിതങ്ങളിലും കുടുംബങ്ങളിലും സഭകളിലും പലവിധ പ്രതിസന്ധികളാലും ചുറ്റപ്പെട്ട കൊടുംങ്കാറ്റില്‍ പെട്ടു തന്നെയാണ് മുന്നോട്ടു പോകുന്നത്. യുഗാന്ത്യം വരെ നമ്മോടൊപ്പമുള്ള യേശുവിന്റെ സാന്നിധ്യത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ട്, ഭയവും സംശയവുമില്ലാതെ ശാന്തതയോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ.