നിങ്ങളുടെ കൈയ്യില്‍ എന്തുണ്ട്?
വലിയ ജനക്കൂട്ടത്തിനോട് ഉപദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്ന യേശു, ആ ജനാവലിക്കു മുഴുവന്‍ ഭക്ഷണം എങ്ങനെ കൊടുക്കും എന്ന് വേവലാതിപ്പെട്ട ശിഷ്യന്മാരോട് ചോദിക്കുന്ന ചോദ്യമാണിത്.
പിന്നെ, ശിഷ്യരുടെ കൈവശമുണ്ടായിരുന്ന അഞ്ചപ്പം, അയ്യായിരം പേര്‍ക്ക് മതിവരുവോളം ഭക്ഷിക്കാന്‍ കൊടുക്കുകയാണ്
‘നിങ്ങളുടെ കൈവശം എന്തുണ്ട്’ എന്ന യേശുവിന്‍റെ ചോദ്യം നാമോരോരുത്തരോടുമാണ്. ദൈവം തന്നതെല്ലാം നമ്മുടെ കൈവശമുണ്ട്. അതൊന്നും പക്ഷേ, നാം മറ്റുള്ളവര്‍ക്കായി കൊടുക്കാന്‍ പുറത്തെടുക്കുന്നില്ല.
നമുക്കുള്ളതെല്ലാം ദൈവം തന്നതാണെന്ന് പറയാന്‍ നമുക്ക് മടിയാണ്. നമ്മുടെയുള്ളിലുള്ളത് തുറന്നു പറയാനും, നമുക്കുള്ളത് മറ്റുള്ളവര്‍ക്കു കൊടുക്കാനും, നാം തയ്യാറല്ല. ഇവിടെയാണ് യേശുവിന്‍റെ ചോദ്യം പ്രസക്തമാകുന്നത്. ശിഷ്യന്മാര്‍ അവരുടെ കൈയ്യിലുണ്ടായിരുന്നത് യേശുവിനെ ഏല്പിക്കുകയാണ്. എല്ലാവര്‍ക്കും വയറു നിറയെ ഭക്ഷിക്കാന്‍ അത് ധാരാളമാകുന്നു. ഒപ്പം, പന്ത്രണ്ടു കുട്ട മിച്ചവും. പന്ത്രണ്ടു ശിഷ്യര്‍ക്കും ഓരോ കുട്ട വീതം!.

നിനക്കുള്ളതെല്ലാം ദൈവത്തിന്‍റെ ദാനമാണെന്നിരിക്കെ, അങ്ങനെയല്ലെന്ന് നീ എന്തിന് അഹങ്കരിക്കുന്നു’ എന്നുള്ള യേശുവിന്‍റെ ചോദ്യം കൂടി ഇവിടെ ചേര്‍ത്തു വയ്ക്കാം.മറ്റുള്ളവര്‍ക്കു കൂടി കൊടുക്കാനായി ദൈവം നമ്മെ ഏല്പിച്ചിട്ടുള്ളവയാണ് നമുക്കുള്ള സകലതും. സമ്പത്തും അധികാരങ്ങളും സ്ഥാനമാനങ്ങളും കഴിവുകളും എല്ലാം, എല്ലാം. പക്ഷേ നാമത് ചെയ്യുന്നില്ല. ‘കൊടുക്കുന്തോറും ഏറിടും’എന്ന ഒരു ചൊല്ല് വിദ്യയെ സംബന്ധിച്ച് നാം പഠിച്ചിട്ടുണ്ട്. വിദ്യയെ സംബന്ധിച്ചു മാത്രമല്ല, കൊടുക്കുന്ന എന്തിനും ഇത് അക്ഷരാര്‍തഥത്തില്‍ സത്യമാണ്, അഞ്ചപ്പം അയ്യായിരം പേര്‍ക്കു കൊടുത്തു കഴിഞ്ഞിട്ടും മിച്ചം വന്നതുപോലെ. എത്ര കൂടുതല്‍ കൊടുക്കുന്നുവോ അത്ര കൂടുതല്‍ നിനക്കു തിരിച്ചു കിട്ടുമെന്ന സന്ദേശം.
പഞ്ചഭൂതങ്ങള്‍ കൊണ്ടാണ് നമ്മുടെ ശരീരത്തിന്‍റെ സൃഷ്ടി. ആ ശരീരത്തില്‍ പഞ്ചേന്ദ്രിയങ്ങളും ദൈവം നമുക്ക് തന്നിരിക്കുന്നു. അഞ്ചപ്പത്തിന്‍റെ അദ്ഭുതവും ഇതിനോടു ചേര്‍ത്ത് മനസ്സിലാക്കാം.
നാമോരോരുത്തര്‍ക്കും യേശു നല്‍കിയിട്ടുണ്ട്, ഈ അഞ്ചപ്പം വീതം. അതു നാം പുറത്തെടുക്കുകയേ വേണ്ടൂ.