ചെറിയവര്‍ക്കും പാപികള്ക്കുമൊപ്പം.
ജനക്കൂട്ടത്തിനിടയിലൂടെ യേശു കടന്നുവരുന്നതറിഞ്ഞ് ചുങ്കക്കാരനും ധനാഢ്യനും പാപിയുമായ സക്കേവൂസ്, യേശുവിനെ കാണാന്‍് സിക്കമൂര്‍ മരത്തിനു മുകളില്‍ കയറുകയാണ്.

തന്റെ ഉയരക്കുറവു മാത്രമല്ല അയാളെ അതിനു പ്രേരിപ്പിച്ചത്. താന്‍ ജീവിക്കുന്ന സമൂഹം, തന്നെ ചുങ്കക്കാരനും പാപിയുമായാണ് കാണുന്നതെന്ന് അയാള്‍ക്കറിയാം. അവര്‍ക്കു മുമ്പില്‍, യേശുവിനു മുന്പില്, പ്രത്യക്ഷപ്പെടാന്‍ താന്‍ യോഗ്യനല്ലെന്ന ബോധം അവന്റെ ഉള്ളിലുണ്ട്. സക്കേവൂസിനെ യേശു കണ്ടതായി ബൈബിളില്‍ പരാമര്‍ശിക്കുന്നില്ല.
പക്ഷേ യേശു എങ്ങനെ അവന്റെ സാന്നിധ്യം അറിഞ്ഞു? എങ്ങനെ അവന്റെ മനോവിചാരം അറിഞ്ഞു?

മനുഷ്യന്റെ സകല മനോവിചാരങ്ങളും ദൈവം അറിയുന്നുണ്ട്. സക്കേവൂസിന്റെ കഥ തന്നെ ഉദാഹരണം. പാപിയും ചുങ്കക്കാരനുമായ സക്കേവൂസിനോട് ഇറങ്ങി വരാന്‍ പറയുന്ന യേശു, സക്കേവൂസിന്റെ ഉയരക്കുറവല്ല കാണുന്നത്. തന്നോടൊപ്പമുള്ള അനേകായിരങ്ങളുടെ ഒപ്പം സഞ്ചരിക്കുവാന്‍ സക്കേവൂസിനും മറ്റെല്ലാവരെയും പോലെ യോഗ്യതയും അര്‍ഹതയും ഉണ്ടെന്ന് യേശു നമ്മെ അറിയിക്കുകയാണ്. ആര് എന്തൊക്കെ ഒളിച്ചു വച്ചാലും, ആരും അറിയുന്നില്ലെന്ന ധൈര്യത്തിലും ആത്മവിശ്വാസത്തിലും രഹസ്യമായി എന്തൊക്കെ കൊള്ളരുതായ്മകള്‍ ചെയ്താലും ദൈവത്തിനു മുന്പില് ആര്‍ക്കും ഒന്നും ഒളിക്കാനാവില്ല,
സകലമനുഷ്യരുടെയും ചിന്തകളും പ്രവൃത്തികളും ദൈവത്തിന്റെ നിരീക്ഷണത്തിലാണ്, എന്ന് യേശു നമ്മെ ബോധ്യപ്പെടുത്തുകയാണ്. ആരും ആരെയും കാള്‍ കേമനോ താഴ്ന്നവനോ, പാപിയോ പരിശുദ്ധനോ, അല്ലെന്ന ദൈവത്തിന്റെ കാഴ്ചപ്പാടും ഇവിടെ പ്രധാനമാണ്.
സക്കേവൂസിന്റെ പൊക്കമില്ലായ്മ ഒരു കുറവാണെന്നു നിശ്ചച്ചത് സമൂഹമാണ്. അവന് പാപിയാണെന്നു പറഞ്ഞതും ആ സമൂഹം തന്നെ. ഭൂരിഭാഗം എന്തു പറയുന്നുവോ, അല്ലെങ്കില്‍ എന്തു ചെയ്യുന്നുവോ, അത് നിയമമായി മാറുകയാണ്. അതില്‍ ഭൂരിഭാഗം വിശുദ്ധരും ന്യൂനപക്ഷം പാപികളും. ഈ കാഴ്ചപ്പാടാണ് യേശു തകിടം മറിക്കുന്നത്.
എനിക്ക് ഇന്ന് നിന്റെ വീട്ടില്‍ അന്തിയുറങ്ങണമെന്ന് യേശു പറയുകകൂടി ചെയ്യുമ്പോള്‍ ഏറ്റവും ചെറിയവര്ക്കൊപ്പവും ഏറ്റവും പാപികള്ക്കൊപ്പവും ആണ് ദൈവമെന്ന വലിയ സത്യം കൂടി യേശു ലോകത്തെ പഠിപ്പിക്കുന്നു. യേശു എല്ലാവരെയും ഒരുപോലെ സ്വീകരിക്കുകയാണ്.