ദുഖങ്ങൾ പറയുന്നു.
ദുഖങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ ദുഃഖം നമ്മളെ വിട്ടുപോകുന്നുമില്ല.
ഷർട്ടിൻ്റെ പോക്കറ്റിൽ ഒരു ചീഞ്ഞ വസ്തു ഇട്ടു കൊണ്ടു നടന്നാൽ, നമുക്കും ചീത്ത മണം, അടുത്തു വരുന്നവർക്കും. മണത്തിൻ്റെ അനുഭവം. ക്ഷമിക്കാൻ പറ്റുന്ന ഒരു കാര്യം ക്ഷമിക്കാതെ ഹൃദയത്തിലിട്ടോണ്ടു നടന്നാൽ എന്തു ചെയ്യും, എങ്ങനെ സന്തോഷിക്കും. (മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നാം നമ്മുടെ ഹൃദയത്തിൽ ശേഖരിച്ചു വയ്ക്കുന്നു. അപ്പൻ്റെ, അമ്മയുടെ , ഭർത്താവിൻ്റെ, ഭാര്യയുടെ, മക്കളുടെ, സമൂഹത്തിൻ്റെ, അങ്ങനെ എല്ലാവരുടേയും കുറ്റങ്ങളും കുറവുകളും ചിന്തിക്കുന്നു, പറയുന്നു, പ്രചരിപ്പിക്കുന്നു.)
നമ്മൾ പരിപൂർണ്ണരല്ലെന്നും നമ്മളെ മറ്റുള്ളവർ വിധിക്കുന്നുണ്ടെന്നും ഓർത്താൽ നന്ന്.

പ്രഭാഷകൻ പറയുന്നു. ദുഷിച്ച ഹൃദയം അവനവനെ തന്നെ നശിപ്പിക്കുന്നു. ശത്രുക്കളുടെ മുമ്പിൽ അവൻ പരിഹാസപാത്രമാകും.
(പ്രഭാ: 6.4)
ശത്രുവിനെ നാം തന്നെ സൃഷ്ടിക്കുന്നു. ഒരാൾ നമുക്കു ദ്രോഹമേ ചെയ്യൂ എന്നു നാം തന്നെ ചിന്തിക്കുന്നു. അതുകൊണ്ട് അവനോട്, അവളോട് അങ്ങനെ തന്നെ പെരുമാറുന്നു. അങ്ങനെ ശത്രുവിനെ നാം തന്നെ സൃഷ്ടിക്കുന്നു. എന്നിട്ട് നാം അവർക്കെതിരെ പറയുന്നു. പ്രവർത്തിക്കുന്നു. രാജ്യങ്ങളും മനുഷ്യരും അങ്ങനെ തന്നെ.

വചനം പറയുന്നു.
ഏശയ്യ: 33.15.16
നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണുകൾ അടച്ചു കളകയും ചെയ്യുന്നവന്‍ ; ഇങ്ങനെയുള്ളവന്‍ ഉയരത്തില്‍ വസിക്കും; പാറക്കോട്ടകള്‍ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവനു കിട്ടും.
ക്രിസ്ത്യാനിറ്റിയുടെ മുഖമുദ്ര നിന്നേപ്പോലെ തന്നെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതാണ്. ശത്രുക്കളെ സ്നേഹിക്കുക എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ചിലർ പറയും വചനത്തിൽ അങ്ങനെയൊക്കെ പറയും , ആർക്കു പറ്റും, പറയാനും എഴുതാനും പ്രസംഗിക്കാനും പറ്റും. നിങ്ങൾക്കു പറ്റുമോ.
പക്ഷെ അവന്‍ മോശമായി പെരുമാറുമെന്നു വിചാരിച്ചു ഞാനവനോടു മോശമായി പെരുമാറി എന്ന അവസ്ഥയാണിപ്പോൾ. പലരുടേയും പുരോഗതിക്കു തടസ്സമായി നില്ക്കുന്നതും ഈ മനോഭാവമാണ്. അവൻ ആദ്യം നന്നാകട്ടെ എന്നിട്ട് ഞാൻ നന്നാകാം എന്നാണു ചിന്ത. അവൻ നല്ലവനായാലും നമ്മുടെ ചിന്ത മാറുന്നുമില്ല.
ആറ് ഇഞ്ച് നീളമുള്ള നാവു കൊണ്ട് ആറടി ഉയരമുള്ള ആളെ വധിക്കാൻ പറ്റും
(പഴമൊഴി)





