( വി.യോഹന്നാന്‍ 8:3-11)
വ്യഭിചാരിണിയെന്ന് കുറ്റം ചാര്‍ത്തിയ സ്ത്രീയെ യേശുവിന്‍റെ അടുക്കല്‍ ഫരിസേയരും നിയമജഞരും ഹാജരാക്കിയപ്പോള്‍, യേശു അവരോടു പറഞ്ഞത് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ’ എന്ന ഒരേയൊരു വാചകമാണ്..

ദൈവത്തിന്‍റെ കോടതിയില്‍ തെളിവെടുപ്പില്ല, വിചാരണയില്ല, സാക്ഷിവിസ്താരം ഇല്ല, ശിക്ഷയില്ല. ഒരേയൊരു വാചകത്തില്‍ വിധി പറഞ്ഞ് യേശു നിശ്ശബ്ദനായി ഇരിക്കുന്നതേയുള്ളു. ശിക്ഷ ഏറ്റുവാങ്ങാന്‍ ഓരോരുത്തരോടും ആവശ്യപ്പെടുകയാണ് ആ വാക്യത്തിലൂടെ യേശുഅവളെ കൊണ്ടുവന്നവരില്‍ ഒരാള്‍ പോലും പിന്നെ അവിടെ നില്ക്കാതെ തല കുനിച്ച് ഇറങ്ങിപ്പോവുകയാണ്.

ശിക്ഷിക്കാന്‍ കൊണ്ടു വന്നവര്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങുന്ന കാഴ്ചയാണിവിടെ. അവര്‍ കൊണ്ടുവന്ന പാപിയായ ആ സ്ത്രീയെ വ്യഭിചാരിണിയാക്കിയത് അവരെല്ലാം കൂടിയാണെന്ന് യേശു തന്‍റെ ഒറ്റവാചകത്തിലൂടെ, ഒറ്റ നിശ്ശബ്ദതയിലൂടെ, സ്ഥാപിക്കുന്നു. ലോകത്തിലെ സകല കുറ്റങ്ങള്‍ക്കും ഉത്തരവാദികളും കാരണക്കാരും സമൂഹം തന്നെയാണെന്നും ശിക്ഷ ഏല്ക്കേണ്ടത് അവരാണെന്നുമുള്ള സൂചന.
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍’ എന്ന പ്രയോഗം ലോകത്തിലെ സകല മനുഷ്യരോടുമാണ്. പാപം ചെയ്യുന്ന യാതൊരാള്‍ക്കും മറ്റൊരാളെ പാപിയെന്നു മുദ്രയടിക്കാന്‍ അവകാശവും അധികാരവും ഇല്ല. തങ്ങളാല്‍ വ്യഭിചാരിണിയാക്കപ്പെട്ട ആ സ്ത്രീയെ കുറ്റവാളിയാക്കി, സന്തോഷിച്ച്, അവള്‍ക്ക് ശിക്ഷവാങ്ങിക്കൊടുത്ത് തങ്ങളുടെ പാപചിത്രം മറച്ചുവയ്ക്കാനാണ് ഫരിസേയരും നിയമജഞരും ശ്രമിച്ചത്. തങ്ങള്‍ ചെയ്ത പാപം സമ്മതിക്കാന്‍ അവരാരും തയ്യാറല്ല.

യേശുയഥാര്‍ത്ഥ പാപികളെയാണ് ശിക്ഷിച്ചത്. തന്നെ വിചാരണചെയ്ത് ശിക്ഷിപ്പിക്കാന്‍ കൊണ്ടു വന്നവരെല്ലാം കുറ്റവാളികളായി തലകുനിച്ച് ഇറങ്ങിപ്പോകുന്നതു കാണാന്‍ യേശുഅവള്‍ക്ക് അവസരമൊരുക്കുകയാണ്. അവള്‍ക്ക് ഒരു പേരുപോലും ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. പേരില്ലാത്ത അവള്‍ഒരു പ്രതീകം മാത്രമാണ്. ദൈവത്തിന്‍റെ കോടതി ആരെയും ശിക്ഷിക്കുന്ന കോടതിയല്ല, ക്ഷമിക്കുന്ന കോടതിയാണ് എന്ന സത്യമാണ് യേശു ലോകത്തോടു പറയുന്നത്.





