ലൂക്കോസ് 10:25-37
ആരാണു നല്ല അയൽക്കാരൻ എന്ന് സമരിയാക്കാരൻ്റെ കഥയിലൂടെ യേശു നമുക്കു പറഞ്ഞു തന്നു.ആ വചനം വായിക്കുമ്പോൾ അന്നും ഇപ്പോഴും അധികാരികൾ, ഫരീശന്മാർ, നിയമജ്ഞർ തുടങ്ങിയവർ മുഖത്ത് അടി കിട്ടിയപോലെ മുഖം തുടയ്ക്കുന്നു.

ഇരുതലവാൾപോലെ മൂർച്ചയുള്ള വചനം. നമ്മളിൽ, നമ്മുടെ ഹൃദയത്തിൽ മുറിവുണ്ടാക്കുന്നു.
നമ്മൾ ഒരു നല്ല അയൽക്കാരാണോ.
പലപ്പോഴും അതെ. പക്ഷെ എപ്പോഴും പറ്റുന്നില്ല. എന്നാൽ നല്ല അയൽക്കാരൻ്റെ മുഖംമുടി അണിയുകയും ചെയ്യും.
മെഡിക്കൽ കോളേജിനടുത്ത് ഒരു (ഇതുപോലെ പല സ്ഥലങ്ങളിലും) പൊതിച്ചോറിനായി പൊരിവെയിലത്തു ക്യൂ നിലക്കുന്നവരെ കാണുമ്പോൾ ചങ്കു പിടക്കും. ഇതു കണ്ട് അയ്യോ പാവം എന്തെങ്കിലും ചെയ്യണം,ലോകത്ത് എത്രയെത്ര പാവങ്ങളാണ് എന്നു് ആത്മഗതം ചെയ്ത് നാം പാഞ്ഞു പോകും.

പലർക്കും പലതും ചെയ്യണം എന്നുണ്ട്. പക്ഷെ അവിടം കഴിയുമ്പോൾ നമ്മുടെ തീരുമാനവും മാഞ്ഞുപോകും. അവരുടെ വിധി എന്നു പറഞ്ഞ് ആശ്വസിക്കും. (ചില കാര്യങ്ങളിൽ അവരുടെ വിധി, മറ്റു ചിലതിൽ നമ്മുടെ വിധി)
ഇവിടെയും നമ്മൾ നല്ല അയൽക്കാരനാണെന്നാണ് സ്വയം കരുതൽ.

ഇത്തരം സങ്കടങ്ങളിൽ, ഒരു നേരത്തെ മരുന്നിന് ക്ലേശിക്കുന്നവർ മരുന്നു വാങ്ങാൻ സഹായത്തിനു വന്നാലും കണ്ടാലും ഇതൊക്കെ കള്ളുകുടിക്കാനുള്ള അടവല്ലേ എന്നു പറഞ്ഞ് ചിലരെങ്കിലും മുഖം തിരിക്കും.
ക്രിസ്തു തന്നെ വാതുക്കൽ വന്നാലും നാം പ്രഛന്നവേഷമാണെന്ന് പറയും. സമയമില്ല ഇവിടെ പ്രാർത്ഥന നടക്കുകയാണ് അടുത്ത ആഴ്ച വരാൻ പറയും. ക്രിസ്തു ഈ വീടിൻ്റെ നാഥനെന്ന ബോർഡു വായിച്ചു ക്രിസ്തു നെടുവീർപ്പിടും, താൻ വെറും ബോർഡ് മാത്രമായിപ്പോയല്ലോ ദൈവമേ.
നല്ലൊരു അയൽക്കാരനാകാൻ, അയൽക്കാരൻ്റെ കുറവുകളും കുറ്റങ്ങളും പറയാതെ, അവനെ മുറിവേൽപ്പിക്കാതെ അവൻ്റെ ആവശ്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് സഹായിക്കുന്ന, പങ്കുചേരുന്ന നല്ല ആ വചനമാകാൻ എപ്പോഴാണ് സമയം, ഇപ്പോഴാണു സമയം.
എന്തൊക്കെ പറഞ്ഞാലും ഈ ജീവിത തിരക്കുകൾക്കിടയിലും ആകുലതക്കിടയിലും നല്ലതു പ്രവർത്തിക്കുന്ന ചെറുപ്പക്കാരും പ്രായമായ വരും ധാരാളം ഉണ്ട് അവർക്ക് സ്തുതി 🙏