പുറപ്പാട് 23 : 25
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും

സ്നേഹനാഥനായ ഈശോയെ, യുഗാന്ത്യം വരെ മനുഷ്യകുലത്തിന് അങ്ങ് പ്രവാചകന്മാരിലൂടെ നല്കിയ വാഗ്ദാനത്തെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.
ഏക സത്യ ദൈവമായ അങ്ങയെ മാത്രം ഞങ്ങള്‍ രക്ഷകനും നാഥനുമായി ഏറ്റു പറഞ്ഞുകൊണ്ട് അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തി ജീവിക്കുവാന്‍, ഈ മക്കള്‍ക്ക് കൃപയേകിയാലും. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം എന്ന അങ്ങയുടെ വാഗ്ദാനത്തിലൂടെ,ബാക്കിയുള്ളവയെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും എന്ന് അങ്ങ് അരുളി ചെയ്യുന്നുണ്ടല്ലോ.

ഭക്ഷ്യവും പാനീയവും ആശിര്‍വദിക്കപ്പെടും, രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടും എന്ന തിരുവാക്കിലൂടെ അങ്ങയെ രക്ഷകനും നാഥനുമായി ഏറ്റു പറയുകയും ഏക സത്യ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ ഭൗതിക മേഖലകളെ അനുഗ്രഹിച്ചുയര്‍ത്തുമെന്ന് ഈ തിരുവചനത്തിലൂടെ അങ്ങ് വെളിവാക്കുന്നുവല്ലോ.
സ്നേഹ നാഥാ, എല്ലാറ്റിനും ഉപരിയായി, എല്ലാ നാമങ്ങള്‍ക്കും ഉപരിയായി, ജീവിതാന്ത്യം വരെ അങ്ങയെ ഹൃദയത്തില്‍ പൂജിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. നിന്‍റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത് എന്ന കല്‍പ്പന മോശയ്ക്ക് കല്‍ ഫലകത്തില്‍ എഴുതി നല്‍കിയത് പോലെ, അങ്ങ് മാത്രമാണ് ഞങ്ങളുടെ രക്ഷകനും, നാഥനും, സര്‍വ്വസ്വവും എന്ന് ഹൃദയമാകുന്ന ഫലകത്തില്‍ കൊത്തിയിടുവാന്‍ തക്കവിധമുള്ള ആഴമായ ബോധ്യത്തിലേക്ക് ഞങ്ങളുടെ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുവാന്‍ സഹായിച്ച് അനുഗ്രഹിക്കണമേ.
ആമേന്‍…