‘ഭോഷാ ഈ രാത്രിയില്‍ നിന്റെ ആത്മാവിനെ ഞാന്‍ നിന്നില്‍ നിന്ന് ആവശ്യപ്പെടും. അപ്പോള്‍ നീ കരുതിവച്ചിരിക്കുന്നത് ആരുടേതാകും?’
അറപ്പുര പൊളിച്ച് വിസ്താരം കൂട്ടി വിളവുകളെല്ലാം വരും കാലത്തെ സമൃദ്ധിക്കായി സൂക്ഷിച്ച ധനികനോടാണ് യേശുവിന്റെ ചോദ്യം. ആ ധനവാനെ പേരെടുത്തു വിളിക്കുന്നതിനു പകരം ‘ഭോഷാ’ എന്നാണ് യേശു സംബോധന ചെയ്യുന്നത്. ഭൗതികമായ സമ്പത്തിന്റെ പിന്നാലെ ആയുസ്സു മുഴുവന്‍ അലഞ്ഞു നടക്കുന്നവരെയെല്ലാമാണ് യേശു ആ സംബോധന കൊണ്ട് ഉദ്ദേശിക്കുന്നത്.

സമ്പത്തേ മനുഷ്യന് ഉണ്ടാക്കാന്‍ സാധിക്കൂ. ആയുസ്സിന്റെ നീളം കൂട്ടാന്‍ സാധിക്കില്ല. അത് ഈശ്വരന് തന്നതാണ്. ഏതു നിമിഷം തിരികെ ആവശ്യപ്പെട്ടാലും അതു കൊടുത്തേ പറ്റൂ. ഉണ്ടാക്കിയ സമ്പത്തും പ്രശസ്തിയും അധികാരവും സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര ഏതു നിമിഷവും വേണ്ടി വന്നേ മതിയാകൂ. ആയുസ്സ് തന്നവന്റെ തീരുമാനത്തിന് വഴങ്ങിയേ പറ്റൂ.
ഇതല്ലേ യേശു മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നത്?
ഭോഷനായ ധനികന്റെ അറപ്പുര നിറയുന്തോറും അവന്റെ ഉള്ളു മുഴുവനും കാലിയാവുകയാണ്.

പരസ്നേഹം, കരുണ, ദയ, സഹായ മനോഭാവം, നിസ്വാര്‍ത്ഥത, എളിമ, ഇവയെല്ലാം അവന്റെ മനസ്സാകുന്ന അറയില്‍ ഇല്ലാതെ പോവുകയാണ്. ദൈവം അവന്റെ ഉള്ളില്‍ നിന്നും ഇറങ്ങിപ്പോവുകയാണ്. മറ്റാര്‍ക്കും പങ്കു വയ്ക്കാതെയുള്ള അവന്റെ കരുതലുകള്‍ അര്ത്ഥശൂന്യമാവുകയാണ്.
ദൈവസന്നിധിയില്‍ ജീവിക്കുക എന്ന ഓര്‍മ്മപ്പെടുത്തലാണ് ദൈവത്തിന്റെ വാക്കുകള്‍. ദൈവത്തിന്റെ ഇംഗിത പ്രകാരം ജീവിക്കുകയെന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം?
ഒരു നിമിഷം മതി നിങ്ങളുടെ ജീവിതം മാറി മറിയാന്‍. ലോകവും പ്രകൃതിയും മാറി മറിയാന്‍ ആ ഒരു നിമിഷം മതി. അതുകൊണ്ട് ദൈവത്തിനു വേണ്ടി ഹൃദയമാകുന്ന അറപ്പുര ഒരുക്കി വയ്ക്കുക. ഏതു നിമിഷവും യാത്രയ്ക്ക് തയ്യാറാവുക. ഇതല്ലേ ദൈവം മനുഷ്യരോട് ആവശ്യപ്പെടുന്നത്?





