യേശു പറഞ്ഞു,എന്നെ അനുഗമിക്കുക

Picture of ഫാ. മനു മാത്യു

ഫാ. മനു മാത്യു

ചാൻസലർ, ഇറ്റാനഗർ രൂപത

യേശുവിനൊപ്പം സഞ്ചരിക്കണമെന്നുള്ള തീരുമാനം ഞാന്‍ എന്നാണെടുത്തത്? യേശുവിനെ അനുധാവനം ചെയ്തപ്പോള്‍, അതിനു മുന്‍പ് ഞാന്‍ സങ്കല്പിച്ച, പ്രതീക്ഷിച്ച, സംഭവങ്ങളാണോ ഉണ്ടായത്?
ആ യാത്രയുടെ ആരംഭത്തില്‍ ഞാന്‍ പലതും പ്രതീക്ഷിച്ചിരുന്നു. അസാധാരണങ്ങളായ കാഴ്ചകള്‍, നാടകീയമായ സംഭവ മുഹൂര്‍ത്തങ്ങള്‍, സ്വര്‍ഗ്ഗീയമായ ഒരു കാഴ്ച-ദര്‍ശനം- ഒക്കെ എന്‍റെ പ്രതീക്ഷകളുടെ ഭാഗമായിരുന്നു. ഈ ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന എന്തോ ഒന്ന് സംഭവിക്കുന്നതിനു ഞാന്‍ സാക്ഷിയാകും എന്നു ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ആ യാത്രയില്‍ ഞാന്‍ സാക്ഷ്യം വഹിച്ചത് അവിചാരിതമായ, അഗാധവും തീക്ഷ്ണവുമായ സംഭവങ്ങള്‍ക്കായിരുന്നു.

ഞാന്‍ ആ മനുഷ്യനില്‍ കണ്ടത് അകൃത്രിമമായി പെരുമാറുന്ന, ശാന്തവും ദീപ്തവുമായ കണ്ണുകള്‍ കൊണ്ട് ലോകത്തെ കണ്ട, ഒരു വ്യത്യസ്ത മനുഷ്യനെയാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട, തികച്ചും ഏകാന്തമായി ഒറ്റപ്പെട്ടു കഴിയുന്ന, സ്നേഹിതരോ സഹോദരരോ ഇല്ലാതെ ജീവിതത്തിന്‍റെ നൈരാശ്യം ഉള്ളില്‍ ചുമന്നു നടക്കുന്ന, ഹൃദയത്തില്‍ മുറിവേറ്റ് പിടയുന്ന, സകലര്‍ക്കും ഒരു നല്ല സ്നേഹിതനെയാണ്. അവന്‍റെ പെരുമാറ്റത്തില്‍ ഒരു നാടകീയതയുമില്ലായിരുന്നു. അവന്‍ തന്‍റെ മഹത്വം ലോകത്തെ കാണിച്ചത് സൗമ്യവും വിനീതവും ക്ഷമാപൂര്‍വ്വവും ആയ തന്‍റെ സാന്നിദ്ധ്യമായിരുന്നു.

ചുറ്റും കാണുന്ന മനുഷ്യരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊണ്ട ഒരാളെയാണ് അവനോടൊപ്പമുള്ള ആ യാത്രയില്‍ ഞാന്‍ കണ്ടത്. കാനായിലെ കല്യാണ വിരുന്നിലുണ്ടായ അനുഭവം അതിന് മകുടോദാഹരണമായിരുന്നു. ആളുകളുടെ കൈയ്യടി മേടിക്കാനല്ല, മറിച്ച് ഒരമ്മയുടെ, ഒരു കുടുംബത്തിന്‍റെ, മാനം രക്ഷിക്കാനായിരുന്നു യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ അദ്ഭുതം പ്രവര്‍ത്തിച്ചത്. ബഹളം വയ്ക്കാതെ തികച്ചും അനുകമ്പാപൂര്‍വ്വവും ശ്രദ്ധാപൂര്‍വ്വവുമായിരുന്നു അവനത് ചെയ്തതെന്ന് ഞാന്‍ കണ്ടു.

ഒന്നിനും കൊള്ളരുതാത്തവര്‍ എന്നു മുദ്ര ചാര്‍ത്തി സമൂഹം പുറന്തള്ളിയ മനുഷ്യരെ അവന്‍ തന്നോടു ചേര്‍ത്തു നിര്‍ത്തി. പാപബോധം പേറി സ്വയം തകര്‍ന്നടിഞ്ഞ, മറ്റുള്ളവരാല്‍ വിസ്മരിക്കപ്പെട്ട പാവങ്ങളെ അവന്‍ വെറുതെ ഉപദേശിക്കുകയല്ല ചെയ്തത്. പകരം അവരോട് ഹൃദയം കൊണ്ട് സംസാരിച്ചു. അവരെ അന്തസ്സോടെ ജീവിക്കാന്‍ പഠിപ്പിച്ചു. അവന്‍റെ കാഴ്ചപ്പാടില്‍ ഈ ലോകത്തൊരാളും പ്രയോജനമില്ലാത്തവനായി ഇല്ലായിരുന്നു.
എന്നിട്ടും അവനോടൊപ്പമുള്ള തുടര്‍യാത്രകളില്‍ ഞാന്‍ കണ്ടത്, അവന്‍ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടുവെന്നതാണ്. പ്രത്യേകിച്ചും താന്‍ തികച്ചും പവിത്രമായ, നډ നിറഞ്ഞ, ശരിയായ ദൈവവിശ്വാസമുള്ള ആളെന്ന് സ്വയം അഭിമാനിച്ചു നടന്ന വ്യക്തികളാല്‍. വെറും വൈദികാചാരപരമായ ചടങ്ങുകള്‍ക്ക് യാതൊരരര്‍ത്ഥവുമില്ലെന്ന അവന്‍റെ സന്ദേശം മനസ്സിലാക്കാനോ അംഗീകരിക്കാനോ ജനങ്ങള്‍ക്കു കഴിഞ്ഞില്ല
, അവന്‍റെ ദയയും കാരുണ്യവും വെറുമൊരു ത്യാഗമോ, നിലവിലുണ്ടായിരുന്ന നിയമത്തിനു വശംവദമാകുന്നതോ അല്ലായിരുന്നു. അവന്‍റെ ഹൃദയവിചാങ്ങള്‍ അതിലൊക്കെ എത്രയോ ഉയരത്തിലാണ്, എത്ര മഹത്തരമാണ് എന്നു ഞാന്‍ കണ്ടു.

അവനോടൊപ്പമുള്ള സംഭവബഹുലമായ ആ യാത്രയ്ക്കൊടുവില്‍ ഞാന്‍ കണ്ടത്, അനുഭവിച്ചത്, ഹൃദയംപിളരുന്ന കാഴ്ചകളായിരുന്നു. അവനൊപ്പം നടന്ന, ഒപ്പം ജീവിച്ച, ഒന്നിച്ചു ഭക്ഷണം കഴിച്ച,അവന്‍റെ സ്നേഹത്തിനും കരുണയ്ക്കും പാത്രമായ, സ്നേഹിതډാര്‍ തന്നെ അവനെ ഒറ്റുകൊടുക്കുന്നത്, തൂക്കുമരത്തിലേക്ക് ചാട്ടവാര്‍ കൊണ്ട് അടിച്ചും മുറിവേല്പിച്ചും കൊണ്ടുപോകുന്നത്, എനിക്കു കാണേണ്ടി വന്നു.

കുരിശുമരത്തിലേക്കുള്ള ആ മരണയാത്രയില്‍ അവന്‍ തീര്‍ത്തും ഏകനായിരുന്നു; ശരീരം കൊണ്ടല്ല, ആത്മാവുകൊണ്ട്.
മലമുകളിലിരുന്ന് തന്‍റെ ജനങ്ങളെ പഠിപ്പിക്കുന്ന, അവരോട് ഹൃദയം കൊണ്ട് സംസാരിക്കുന്ന, യേശുവിനെയല്ല പിന്നെ ഞാന്‍ കാണുന്നത്. അതേ മനുഷ്യരാല്‍ കുരിശിലേറ്റപ്പെട്ട് പ്രാണനുവേണ്ടി പിടയുന്ന അവരുടെ ഗുരുവിനെയാണ്. ഏതു കൈകള്‍ കൊണ്ടാണോ അവന്‍ ശിശുക്കളെ അനുഗ്രഹിച്ചത് ആ കൈകള്‍ കുരിശുമരത്തില്‍ തറയ്ക്കപ്പെട്ടു. ഏതു വാക്കുകള്‍ കൊണ്ടാണോ അവന്‍ മരിച്ചവരെ ഉയിര്‍പ്പിച്ചത്, ആ നാവ് നിശ്ശബ്ദമായി. ഏതു ഹൃദയം കൊണ്ടാണോ അവന്‍ പാപികളെയും വെറുക്കപ്പെട്ടവരെയും സ്നേഹിച്ചത്, ആ ഹൃദയം കുന്തത്താല്‍ കുത്തപ്പെട്ട് നിശ്ചലമായി. എന്നിട്ടും പ്രാണന്‍ വേര്‍പെടുന്ന ആ അവസാനനിമിഷത്തില്‍ പോലും അവന്‍ തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ചു. അവരെ നിശ്ശബ്ദമായി സ്നേഹിച്ചു.

തിരിച്ചു കിട്ടില്ലെന്നുറപ്പായ സ്നേഹമാണ് അവന്‍ ഒപ്പമണ്ടായിരുന്നവര്‍ക്ക് കൊടുത്തത്. അത് അവര്‍ക്കു മനസ്സിലായില്ല. യേശു എന്നിട്ടും എല്ലാം പൊറുക്കുകയാണ് ആ അന്ത്യ നിമിഷങ്ങളില്‍ പോലും.
യേശുവിനോടൊന്നിച്ചുണ്ടായിരുന്ന എന്‍റെ യാത്രയില്‍ എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്, എനിക്ക് അനുഭവപ്പെട്ടത്, ഒപ്പമുള്ളവരോട് അനുകമ്പയും എളിമയും സ്നേഹവും ഉള്ള ഒരു സാന്നിദ്ധ്യം കൊടുക്കാനള്ള യേശുവിന്‍റെ ഹൃദയപൂര്‍വ്വമായ ക്ഷണമായിരുന്നു. ആ ക്ഷണം എന്നെ പഠിപ്പിച്ചത്, നിശ്ശബ്ദതയാണ് ഏറ്റവും വലിയ കരുത്ത് എന്നുകൂടിയാണ്. നമ്മെ വേദനിപ്പിക്കുന്നവരെ പോലും കറയില്ലാതെ ആഴത്തില്‍ സ്നേഹിക്കാനുള്ള മനോഭാവമാണ്, യഥാര്‍ത്ഥ ദൈവികത എന്നാണ്.

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES