വി.ലൂക്കാ 19, 45-48
എന്‍റെ പിതാവിന്‍റെ ദേവാലയം നിങ്ങള്‍ അശുദ്ധമാക്കരുത് എന്ന് യേശു പറയുന്നു. ദേവാലയത്തില്‍ കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയമാറ്റക്കാരെയും യേശു ചമ്മട്ടികൊണ്ട് അടിച്ചു പുറത്താക്കുകയാണ്.
ഇവിടെ യേശു മനുഷ്യരെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചത്,

നാല് കരിങ്കല്‍ ചുവരുകള്‍ക്കുള്ളിലേതല്ല, മറിച്ച് എല്ലാവരുടെയും ഹൃദയമാണ് ദേവാലയം എന്നാണ്. എന്‍റെ ശരീരമാണ് എന്‍റെ ദേവാലയം എന്നു കൂടി യേശു പറയുമ്പോള്‍, തന്‍റെ ശരീരത്തിനുള്ളിലെ മനസ്സിനെയും ആത്മാവിനെയും തന്നെയാണ് അവന്‍ ഉദ്ദേശിച്ചത്. കച്ചവടക്കാരെയും നാണയമാറ്റക്കാരെയും അടിച്ചു പുറത്താക്കുന്ന യേശു നമ്മോടാവശ്യപ്പെടുന്ന ചിലതുണ്ട്. നമ്മുടെയുള്ളിലെ സ്പര്‍ധ, അസൂയ, വിദ്വേഷം, വെറുപ്പ്,പക,അലസത, കോപം, അവിശ്വാസം, സ്നേഹമില്ലായ്മ, ആത്മാര്‍ത്ഥതയില്ലായ്മ, ദയയില്ലായ്മ എന്നിവയെല്ലാം പുറത്താക്കുക എന്ന്.
ഹൃദയം ശുദ്ധമാക്കുക എന്ന്. അപ്പോള്‍ നിങ്ങളുടെ ഹൃദയം ദൈവത്തിനു വസിക്കാനുള്ള ആലയമാകും എന്ന്.നാല്പത്താറു സംവത്സരങ്ങള്‍ കൊണ്ട് പണിതുയര്‍ത്തിയ ദേവാലയം നശിപ്പിക്കുക, മൂന്നു ദിവസങ്ങള്‍ കൊണ്ട് ഞാനത് പുനര്‍ നിര്‍മ്മിക്കും എന്ന് യേശു പറഞ്ഞത് കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കുന്ന ദേവാലയത്തെക്കുറിച്ചല്ല. മറിച്ച് താന്‍ മരിച്ചു കഴിഞ്ഞാലും മൂന്നാം നാള്‍ ഉയിര്‍ക്കുന്ന ആത്മാവിനെക്കുറിച്ചാണ്.

ആ ആത്മാവിന്‍റെ നിത്യ ജീവനെക്കുറിച്ചാണ്. നിങ്ങളുടെയും ആത്മാവിന് നിത്യജീവനുണ്ട് എന്നാണ്. നാല്പത്താറു വയസ്സുകാരനോടും അമ്പത്താറു വയസ്സുകാരനോടും യേശു ആവശ്യപ്പെടുന്നത്, നിങ്ങള്‍ദൈവത്തിന്‍റെ സാന്നിധ്യമില്ലാതെ പണിതുയര്‍ത്തിയ ശരീരം പുതുക്കി പണിയുക എന്നാണ്.
യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങള്‍ വ്യാപരിക്കുന്നിടം നിങ്ങളുടെ ഹൃദയത്തിന്‍റെ നൈര്‍മ്മല്യവും പ്രകാശവും പരത്തുന്നതാകണം; അപ്പോഴാണ്, അപ്പോള്‍ മാത്രമാണ്,നിങ്ങളുടെ ഹൃദയവും ദേവാലയമാകുന്നത് എന്ന്.