1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണ സ് ഐറിസ്സിലാണ് ജോൺ മാരിയോ ബർഗോളിയോയുടെ ജനനം. 13-ാം വയസ്സിൽ മൂത്തമകൻ ജോർജിനെ പിതാവ് മാരിയോ, വീടിന് സമീപത്തെ ഒരു ഫാക്റ്ററിയിൽ ജോലിയ്ക്ക് ചേർത്തു. തുടർന്ന് 2 വർഷങ്ങൾ തൂപ്പു ജോലി ചെയ്യുകയുണ്ടായി. മുസ്സോളിനിയുടെ ഭരണകൂടത്തെ ഭയന്ന് 1929-ൽ ഇറ്റലിയിൽ നിന്നും അർജന്റീനയിലേയ്ക്ക് ഈ കുടുംബം കുടിയേറുകയുണ്ടായി.
മുള്ളുകൾ നിറഞ്ഞ വഴിയിലൂടെ നടന്നു നീങ്ങുമ്പോഴും തികഞ്ഞ ദൈവാശ്രയബോധമായിരുന്നു ആ കുടുംബത്തിന്റെ മൂലധനം. മാതാവ് റജീനയ്ക്ക് തളർവാദം പിടി പെട്ടപ്പോഴും ജോർജും 4 സഹോദരങ്ങളും അർത്ഥപൂർണമായ ജീവിതം നയിച്ച് മുന്നേറി.1953-ൽ പിക്കിനിക്കിന് പോകാനായി തയ്യാറെടുത്തിരുന്ന ജോർജ്, അപ്രതീക്ഷിതമായി ഒരു ദേവാലയത്തിലേയ്ക്ക് കടന്നുചെല്ലുകയും അവിടെ കണ്ടുമുട്ടിയ ഒരു വൈദികനോട് തുറന്ന കുമ്പസ്സാരം നടത്തുകയും ചെയ്തു. സ്വന്തം ജീവിത നിയോഗത്തെ തിരിച്ചറിയാനുള്ള ആദ്യ പടിയായി ഈ സംഭവം മാറുകയും ചെയ്തു.വൈദികനാകാനുള്ള തന്റെ ആഗ്രഹത്തെ തിരിച്ചറിയാൻ ഇത് കൂടുതൽ സഹായകമായി.

തുടർന്ന് ഈശോ സഭാ സെമിനാരിയിൽ പ്രവേശിച്ച് 1969 ഡിസംബറിൽ കർത്താവിന്റെ
അഭിഷിക്തനായി.1973 മുതൽ 1979 വരെ അർജന്റീനയിലെ ഈശോസഭാ സമൂഹത്തിന്റെ പ്രോവിൺഷ്യൽ ആയി. 1998-ൽ ബ്യൂണസ് അയേഴ്സിലെ സഹായ മെത്രാനായി. 2001 – ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 2005-ലെ മെത്രാൻ ന്മാരുടെ സൂനഹദോസ്, കർദ്ദിനാൾ ബർഗോളിയയെ പോസ്റ്റ് ബിഷപ്പ് കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. 2013-ൽ ബനടിക്റ്റ് 16ാം മൻ ആനാരോഗ്യം മൂലം പോപ്പിന്റെ ചുമതല ഒഴിഞ്ഞ തോടെ 266 റാമത്തെ മാർപാപ്പയായി അദ്ദേഹം ചുമതലയേറ്റു.
സെന്റ് ഫ്രാൻസിസ് അസീസ്സിയോടുള്ള സ്നേഹം സ്വന്തം പേരിലും അദ്ദേഹം സ്വീകരിച്ചു. ലോകത്തിലെ മാറ്റങ്ങളുടെ തുടക്കം പന്ത്രണ്ടു വർഷം മുമ്പേ തുടങ്ങി. സഭയിലും, വിശ്വാസികളിലും മാത്രമല്ല സമൂഹത്തിലുടനീളം മാതൃകയാകുന്ന ശക്തമായ നിലപാടുകൾ അദ്ദേഹത്തിന് മാത്രം സ്വന്തമായിരുന്നു.രണ്ട് മാസങ്ങൾക്ക് മുൻപ് അനാരോഗ്യം മാർപാപ്പയെ തളർത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ ആശുപത്രി കിടക്കയിൽ നിന്നും അദ്ദേഹം മടങ്ങിയെത്തി.ഈസ്റ്റർ ദിനത്തിലും പ്രാർത്ഥനയുമായി ലോകത്തിനു മുമ്പിൽ പ്രത്യക്ഷനായി.
മാർപാപ്പയുടെ ഒരു ആശയമാണ് “സിനഡാലിറ്റി” എന്നുള്ള സങ്കല്പം.സിനഡൽ ചർച്ച് എന്നുപറഞ്ഞാൽ, അധികാര സ്ഥാനത്തുള്ളവർ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ അല്ല സഭയുടെ തീരുമാനം. മറിച്ച് കൂട്ടായ്മയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും ആയിരിക്കണം എന്ന നിർബന്ധ ബുദ്ധി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നു. പാവപ്പെട്ടവരോടുള്ള കരുണയാൽ പ്രത്യാശയുടെ ശബ്ദമായി മാറുകയായിരുന്നു ഫ്രാൻസിസ് പാപ്പ. മറ്റുള്ളവരെ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ പഠിപ്പിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പാ. മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും പാവപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്ത ഈ പുണ്യ പിതാവിന്റെ ജീവിതം ലോകം മുഴുവനു തന്നെയും മാതൃകയാണ്.
“മതിലുകൾ പണിയാൻ ശ്രമിച്ചിടത്ത് മതിലുകൾ അല്ല വാതിലുകളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു. വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും തന്റെ നിലപാടുകളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യക്തിബന്ധങ്ങൾക്ക്, പ്രത്യേകിച്ച് ഒരു വ്യക്തിയെ കൂടുതലായി അറിയാനും മനസ്സിലാക്കാനും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് ആദ്യം അറിയേണ്ടത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവരെക്കുറിച്ച് അറിയാൻ താല്പര്യമെടുക്കുക എന്നുള്ളത് പാപ്പയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.സത്യത്തിനും നീതിക്കും സ്നേഹത്തിനും വേണ്ടി നിലനിന്നുകൊണ്ട് മനുഷ്യസമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അപൂർവ വ്യക്തിത്വം.

പാപ്പാ സ്ഥാനം സമുന്നത പദവിയായി അദ്ദേഹം കണ്ടിട്ടില്ല. മറിച്ച് സഭയിൽ ലഭിച്ച പുതിയൊരു ജോലിയായാണ് കണ്ടത്. ആ ജോലിയിൽ തുടർന്നപ്പോഴും ചിലർക്ക് അദ്ദേഹം ചോദ്യങ്ങളും അനേകർക്ക് ഉത്തരങ്ങളുമായിരുന്നു
2025 ഏപ്രിൽ 2 2ാം തീയതി വെളുപ്പിന് 7:35 ന് അദ്ദേഹം നിത്യതയെ പുൽകി. “ഉയർപ്പിന്റെ വെളിച്ചം നമ്മെ നയിക്കട്ടെ എന്നാണ്” ഈസ്റ്റർ ദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞത്. ലോകത്തിന്റെ മേലാപ്പിൽ സമാധാനത്തിന്റെ പുതപ്പിട്ട പാപ്പയുടെ വിയോഗത്തിൽ ലോകം മുഴുവൻ തേങ്ങുകയാണ്. മറക്കില്ല അങ്ങയുടെ പുഞ്ചിരി.