(വി.മത്തായി 19)
നിത്യജീവന്‍ അവകാശമാക്കാന്‍ ഞാനെന്തു ചെയ്യണം എന്നാണ് ഒരുവന്‍ യേശുവിനോട് ചോദിക്കുന്നത്. ദൈവത്തിന്‍റെ എല്ലാ പ്രമാണങ്ങളും അനുസരിച്ചു ജീവിക്കുന്നവനാണ് താനെന്ന് അയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ യേശു അയാളോട് മറുപടി പറയുന്നത്
നിനക്കൊരു കുറവുണ്ട്, പോയി നിന്‍റെ സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് ദാനം ചെയ്തിട്ടു വരിക എന്നാണ്അയാളതു കേട്ട് നിരാശയോടെയും സങ്കടത്തോടെയും തിരികെ പോവുകയാണ്. ഒരുപാട് സമ്പത്തുണ്ടായിരുന്ന അയാള്‍ക്ക് അത് കൈവിടാന്‍ മടിയാണ്. നേടണമെന്ന് ആഗ്രഹിച്ച നിത്യജീവനേക്കാള്‍ അയാളപ്പോള്‍ പ്രാധാന്യം കല്പിച്ചത് സമ്പത്തിനാണ്. അത് കൈവിടാന്‍ അയാള്‍ക്കു മനസ്സില്ല.

നിനക്കുള്ള സമ്പത്തെല്ലാം വില്ക്കാന്‍ പറയുന്ന യേശു, സമ്പത്ത് എന്നതുകൊണ്ട് പണം മാത്രമല്ല ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ലൗകിക സുഖങ്ങള്‍, ആസക്തികള്‍, അഭിലാഷങ്ങള്‍, എല്ലാം ഉപേക്ഷിച്ചു വരാനാണ് യേശു ഉദ്ദേശിച്ചതെന്നു കരുതണം. എല്ലാം ത്യജിക്കുക, അതിന്‍റെ നൂറിരട്ടി ഈ ഭൂമിയില്‍ തന്നെ കിട്ടും എന്നു കൂടി നാം കേള്‍ക്കുമ്പോള്‍, നിത്യജീവന്‍ അന്വേഷിച്ച് ഒരിടത്തും പോകേണ്ടതില്ല, അത് ഈ ഭൂമിയില്‍ തന്നെയാണ് എന്നല്ലേ യേശു വ്യക്തമാക്കിയത്?.
സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമില്ല. പക്ഷേ മരിച്ചാലല്ലേ അതു സാധിക്കൂ. അതിന് ആര്‍ക്കും ഇഷ്ടമില്ല; ആരും തയ്യാറുമല്ല.
എല്ലാ സന്തോഷങ്ങളും സമാധാനവും നാം ജീവിക്കുന്ന ഈ ഭൂമിയില്‍ തന്നെയുണ്ട്. സകലര്‍ക്കും അനുഭവിക്കാനുള്ളതെല്ലാം ദൈവം ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. ന്യൂനപക്ഷമാകുന്ന ചിലര്‍ അതെല്ലാം കൈയ്യടക്കി വച്ചിരിക്കുന്നു. കൂടുതല്‍ വെട്ടിപ്പിടിക്കാന്‍ പരക്കം പായുന്നു. ഭൂരിപക്ഷം പേര്‍ക്കും അനുഭവിക്കാനുള്ള ഈ വിഭവങ്ങളാണ് ഈ ന്യൂനപക്ഷക്കാര്‍ കൈയ്യടക്കി വെച്ചിരിക്കുന്നത്.
ഫലമോ ഈ ന്യൂനപക്ഷക്കാര്‍ക്ക് സമ്പത്തു മാത്രമേ ഉണ്ടാകുന്നുള്ളു, സന്തോഷവും സമാധാനവും ഇല്ലാതെ പോകുന്നു. എന്നിട്ട് നിത്യജീവന്‍ അന്വേഷിച്ചു വൃഥാ നടക്കുകയാണ്. നിത്യജീവനും ദൈവരാജ്യവും അവരില്‍ നിന്ന് അകന്നകന്നേ പോവുകയാണ്. അതു ബോധ്യം വരുന്നത്, മിക്കവര്‍ക്കും, ‘ഭോഷാ ഈ രാത്രിയില്‍ നിന്‍റെ ജീവന്‍ ഞാനെടുത്താല്‍ നീ സമ്പാദിച്ചതൊക്കെയും എന്തു ചെയ്യും’ എന്ന ചോദ്യം കാതുകളില്‍ കേള്‍ക്കുന്ന ആ അവസാന നിമിഷത്തിലായിരിക്കും. അപ്പോള്‍ പക്ഷേ, തിരിച്ചു ചെല്ലാനാവാത്തവിധം, രണ്ടാമതൊന്നുകൂടി ശരിയായി ജീവിക്കാന്‍ ആഗ്രഹിച്ചാലും നടക്കാത്ത വിധം, ജീവിതത്തിന്‍റെ ഫുള്‍ സ്റ്റോപ്പ് വീണിരിക്കും.

വലിയ ധനവാനായ ഒരു പ്രഭുവിന്‍റെ മകനായ സെന്‍റ് ഫ്രാന്‍്സീസ് താമസിച്ചിരുന്നത് ഒരു ചെറ്റക്കുടിലിലായിരുന്നു. അദ്ദേഹത്തിന്‍റെ വാസസ്ഥലം അന്വേഷിച്ചു ചെന്ന കുറച്ചാളുകള്‍ അതു കണ്ട് അദ്ഭുതപ്പെട്ട് അദ്ദേഹത്തോടു ചോദിക്കുന്നു: ഈ നാട്ടിലെ ഏറ്റവും സമ്പന്നനായ പ്രഭുവിന്‍റെ മകനായ താങ്കള്‍ ഈ ചെറ്റക്കുടിലില്‍ താമസിക്കുന്നതെന്തുകൊണ്ടാണ്?
സെന്‍റ് ഫ്രാന്‍സീസ് അതിനു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു.
“ആ സമ്പത്തെല്ലാം ചെകുത്താന്‍റേതാണ്. ഇതാണ് ദൈവത്തിന്‍റെ ദാനം. ഇതാണ് എന്‍റെ വലിയ സമ്പത്ത്.”
സമ്പത്തുകൊണ്ട് യഥാര്‍ത്ഥ സന്തോഷം ആരും നേടുന്നില്ല. നശ്വരമായവയോടുള്ള ആസക്തി വെടിഞ്ഞ് ദൈവത്തിന്‍റെ ഇംഗിതങ്ങളെ സ്നേഹിക്കുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ നിത്യമായ സന്തോഷവും സമാധാനവും ദൈവം നമുക്കു സമ്മാനിക്കും. അതാണ് ദൈവരാജ്യം. അതാണ് ഏറ്റവും വലിയ സമ്പത്ത്.