പഴുത്ത ഇല താഴേക്കു പതിക്കുന്നതിനു മുമ്പ്, മുകളിലുള്ള പച്ചിലക്കു പല ജീവിത സത്യങ്ങളും പറഞ്ഞു കൊടുത്തു. പച്ചില കേട്ടോ, ആർക്കറിയാം. ഏതായാലും പുതു നാമ്പുകൾ വന്നു കൊണ്ടിരുന്നു. അവർക്ക് പുതിയൊരു ലോകമുണ്ട്.
പഴയതിൽ നിന്നും പഠിച്ചെങ്കിൽ, പഠിച്ചതും പഠിക്കാത്തതും. പുതിയതും.
വചനം: യോഹ:12.24
ഗോതമ്പുമണി നിലത്തു വീണ് അഴുകിയാലേ ഫലം ഉണ്ടാവുകയുള്ളു.

മാതാപിതാക്കൾ മക്കൾക്കുവേണ്ടി അഴിയുന്നു. മക്കൾ മാതാപിതാക്കന്മാരുടെ സന്തോഷത്തിനായി അഴിയുന്നു. ലോകത്ത് ഈ പ്രകൃയയിൽ കൂടി ആയിരിക്കാം എനർജി, പ്രകാശം ഉണ്ടാകുന്നത്.
യേശു സ്വയം ശൂന്യനായപ്പോൾ നമുക്കൊരു രക്ഷകനെ ലഭിച്ചു.
റോസാപ്പൂവ് വിരിഞ്ഞു. മനോഹരമായിരിക്കുന്നു. ഒരെണ്ണം ഞാൻ പറിച്ചു. പക്ഷെ പെട്ടെന്നതു വാടിപ്പോയി. പൂവായി നില്ക്കുന്നതു തന്നെ സുന്ദരം. എന്നാലും പലരും പല ആവശ്യങ്ങൾക്കും പൂക്കൾ പറിക്കുന്നു
മഴ വരുമ്പോൾ മൺകട്ട കുതിർന്നു പോകുമെന്ന് പഴമക്കാർ പറഞ്ഞ് അറിയാമായിരുന്നതു കൊണ്ട് കരികില, പാറക്കല്ലിനെത്തന്നെ കൂട്ടു പിടിച്ചു. പക്ഷെ തന്നേക്കാൾ വലിയവരെ കൂട്ടു പിടിക്കുന്നതിന്റെ ഗുണവും ദോഷവും അവൻ അറിഞ്ഞു.
മഴത്തുള്ളികൾ വീണുകൊണ്ടിരിക്കുന്നു.
കുമ്പിളിൽ പിടിച്ചതും, മണ്ണിൽ വീണതും, ദേഹത്തു വീണതും മഴ തന്നെ.

ജറമിയ : 29.11
വചനം പറയുന്നു,
നിന്നെക്കുറിച്ച് എനിക്കൊരു പദ്ധതിയുണ്ട്. അത് നാശത്തിനല്ല ക്ഷേമത്തിനാണ്
എന്ന വചനം ഞാൻ ഓർത്തു. മഴത്തുള്ളി വീണു കൊണ്ടിരിക്കുന്നു, പൂക്കൾ വിരിയുന്നു, കാറ്റു വീശുന്നു, മഞ്ഞിൻ്റെ പുതപ്പ്. എല്ലാം എത്ര മനോഹരം നന്ദി ദൈവമേ.
ഈസ്റ്റർ കഴിഞ്ഞു. ഇനി ക്രിസ്മസ്, പിന്നെയും ഈസ്റ്റർ.
ആഘോഷങ്ങൾ വരും പോകും. നമ്മളിൽ ഒരു ഉയിർപ്പിൻ്റെ തെളിച്ചം, പിറവിയുടെ വെളിച്ചം ഉണ്ടായിട്ടുണ്ടെന്നു മറ്റുള്ളവർ പറയുന്നുണ്ടോ.
മറ്റുള്ളവരുടെ കാൽ കഴുകാൻ മാത്രമുള്ള എളിമ ഉണ്ടായോ.
ഹോസ്പിറ്റലിൽ കഴിയുന്ന ഒരു രോഗിക്ക്, കുട്ടിരിക്കുന്ന ആൾക്ക് എന്താണു വേണ്ടത്. സഹതാപം അനുകമ്പ, കരുണ, സാമ്പത്തിക സഹായം, പ്രത്യാശ, സമയം, ഇതിനേക്കാളുപരി, ആവശ്യങ്ങൾ അറിയുന്ന ഒരു നല്ല സമരിയാക്കാരനെയല്ലേ വേണ്ടത്. നമ്മൾ നല്ല സമരിയാക്കാരൻ ആണോ. എല്ലാ വചനങ്ങളും ഒത്തു ചേരുന്നിടമാണല്ലോ നല്ല സമരിയാക്കാരൻ.
എന്തായാലും ഏതായാലും സന്തോഷമില്ലാതെ, ഇഷ്ടക്കേടോടെ ചെയ്യുന്ന ഒരു സേവനവും ദൈവത്തിനുള്ള ബലിയർപ്പണമാകില്ല. എളിമയുള്ള നല്ല മനുഷ്യർ പെരുകിക്കൊണ്ടിരിക്കുന്നു എന്നു ചിന്തിക്കാം. അങ്ങനെയല്ലേ വേണ്ടത്. ആമേൻ🙏