(വി.യോഹന്നാന് 4: 5-4
‘നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്’ എന്ന് യേശു സമരിയാക്കാരി സ്ത്രീയോട് പറയുന്നു. മിശിഹാ- ക്രിസ്തു- വരുമെന്നെനിക്കറിയാം എന്ന അവളുടെ വാക്കുകള്‍ക്കു മരുപടിയായിട്ടാണ് യേശു അതു പറഞ്ഞത്.
‘നിന്നോട്’ എന്ന് യേശു പറയുന്നത് നമ്മള് ഓരോരുത്തരോടുമാണ്. പക്ഷേ അവനാണ് നമ്മോടു സംസാരിക്കുന്നതെന്ന് നാമും അറിയുന്നില്ല. ദൈവം നമ്മോട് നിരന്തരം സംസാരിക്കുന്നുണ്ട്. നാമതു കേട്ടാലും അത് ദൈവത്തിന്റെ ശബ്ദമാണെന്ന് തിരിച്ചറിയുന്നില്ല.

വെള്ളം കോരാനെത്തുന്ന സമരിയാക്കാരി സ്ത്രീയുടെ കാര്യം പറഞ്ഞു കൊണ്ടാണ് ഈ സുവിശേഷഭാഗം ആരംഭിക്കുന്നത്. യേശു അവളോടു വെള്ളം ചോദിക്കുമ്പോള്‍ യഹൂദനായ നീയും സമരിയാക്കാരിയായ ഞാനും തമ്മില്‍ എന്താണു ബന്ധം എന്നാണവള്‍ ചോദിക്കുന്നത്. ഇവിടെ വലിയൊരു കാര്യം ദൈവം നമ്മെ മനസ്സിലാക്കിക്കുകയാണ്. ദൈവത്തിന്റെ മുന്നില്‍ പ്രപഞ്ചത്തിലെ എല്ലാ മനുഷ്യരും സമമ്മരാണെന്ന സത്യം. അതു ബോധ്യപ്പെടുത്താനല്ലെങ്കില്, സമരിയാക്കാരിക്കു പകരം ഒരു യഹൂദ സ്ത്രീയെ ദൈവത്തിനെത്തിച്ചാല് പോരായിരുന്നോ? എല്ലാം ദൈവം തന്നെ ഒരുക്കിയതാണെന്നു വേണം നാം മനസ്സിലാക്കാന്‍. ഓര്‍ക്കണം, സമരിയാക്കാരി സ്ത്രീയുടെ പേരു പോലും ഇവിടെ പറയുന്നില്ല എന്നത്.
നിന്നോടാവശ്യപ്പെടുന്നതാരെന്ന് നീയറിഞ്ഞാല്‍, നീ അവനോടു ചോദിച്ചാല്‍, ജീവന്റെ ജലം അവന് നിനക്കു തരുമായിരുന്നല്ലോ എന്ന യേശുവിന്റെ വാക്കുകള്‍ വീണ്ടും മറ്റൊരു സത്യം നമ്മെ അറിയിക്കുകയാണ്. ശാരീരീക ദാഹമല്ല, മറിച്ച് ആത്മാവിന്റെ ദാഹമാണ് മനുഷ്യര്‍ തീര്‍ക്കേണ്ടത്, ആത്മാവാണ് ജീവന്, ദൈവ സാന്നിധ്യമാണ് ജീവജലം, എന്ന്.
സമരിയാക്കാരി സ്ത്രീയ്ക്ക് അഞ്ചു ഭര്‍ത്താക്കډാര്‍ ഉണ്ടായിരുന്നുവെന്ന് യേശു പറയുന്നത് അവളെ താഴ്ത്തിക്കെട്ടാനോ അപമാനിക്കാനോ അല്ല. എല്ലാവരുടെയും ഉള്ളം ദൈവം അറിയുന്നു എന്നത് നമ്മെ അറിയിക്കാനാണ്. അവളതു സമ്മതിക്കുന്നത് ആത്മാവിന്റെ സത്യം ഒന്നേയുള്ളു എന്ന ഏറ്റു പറച്ചിലുമാണ്.

ആരാധനയെക്കുറിച്ചും യേശു ഇവിടെ നമ്മോട് ചിലതു പറയുകയാണ്. അറിയാത്തതിനെ ആരാധിക്കുന്നതിനു പകരം അറിയുന്നതിനെ ആരാധിക്കാനാണ് യേശു പറയുന്നത്. നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് അള്‍ത്താരയില്‍ ഇരിക്കുന്ന ശില്പത്തിനെ ആരാധിക്കുകയും ജീവനില്ലാത്ത ആ ശില്പത്തിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ജീവനുള്ള ദൈവം അള്‍ത്താരയിലല്ല, നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്, ആ ദൈവത്തിനെ അറിയുക, നിങ്ങളുടെ ഉള്ളില്‍ സ്പന്ദിക്കുന്ന ആ ജീവന്റെ ആത്മാവിനെ അറിയുക, ആരാധിക്കുക. ഇതല്ലേ ദൈവം പരോക്ഷമായി ആവശ്യപ്പെടുന്നത്?
ജീവന്റെ വിത്ത് ദൈവം നമ്മുടെ ഹൃദയങ്ങളില്‍ വിതച്ചിട്ടുണ്ട്, അതു ഫലമണിയാന്‍, കൊയ്യുമ്പോള്‍ വിളവു കിട്ടാന്‍, ജീവന്റെ ജലമൊഴിച്ച് ആ വയല്‍ നാം പരിപാലിക്കണം. കൊയ്തെടുക്കാനുള്ള സമയം, ദൈവത്തിനെ നമ്മള് പരിപൂര്‍ണ്ണമായി അറിയുന്ന സമയമാണ്. പരിപൂര്‍ണ്ണമായി ഉള്ളില്‍ നിറയ്ക്കുന്ന സമയമാണ്.
അറിയുന്ന ദൈവത്തിനെ സ്നേഹിക്കുമ്പോഴും അറിയുന്ന ദൈവത്തെ ആരാധിക്കുകയും ചെയ്യുമ്പോഴേ ഈ വിളവെടുപ്പ് സാധ്യമാകൂ.





