മത്തായി 13: 123
സ്നേഹം, വിശ്വാസം, അറിവ്- അത് സ്വീകരിക്കപ്പെടുന്നില്ലെങ്കില്‍ അതിനു യാതൊരര്‍ത്ഥവുമില്ല. സ്നേഹവും വിശ്വാസവും അറിവും നല്‍കിയവന് അത് വലിയ നഷ്ടം തന്നെയാണ്. സ്നേഹത്തിനും വിശ്വാസത്തിനും ഒരേയൊരു ഭാഷയേയുള്ളു, നിഷ്കളങ്കത. അത് ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കഴിയുന്ന, അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാകുന്നവര്‍ക്കു കൊടുത്താല്‍ അത് നുറിരട്ടിയായി കിട്ടും. കൊടുത്തവനു മാത്രമല്ല, മറ്റാര്‍ക്കൊക്കെയോ. മറ്റു പലര്‍ക്കൊക്കെയോ. അതു മനസ്സിലാക്കപ്പെടുന്നില്ലാത്തിടത്ത് ആ സ്നേഹവിശ്വാസങ്ങള്‍ എത്ര ആഴമേറിയതാണെങ്കിലും അത് ഫലമണിയുന്നുമില്ല.

വിതക്കാരന്‍റെ ഉപമയിലൂടെ യേശു വ്യക്തമാക്കുന്നതും ഇതു തന്നെയാണ്.
ഒരേ വിത്താണ് വിതക്കാരന്‍ വിതച്ചത്. വഴിയരികിലും പാറമേലും മുള്‍ച്ചെടികള്‍ക്കിടയിലും വീണ വിത്ത് നശിച്ചു പോയപ്പോള്‍, നല്ല മണ്ണില്‍ വീണ വിത്ത് മുളച്ച് നൂറു മേനി വിളവ് നല്‍കിയതിനെക്കുറിച്ചാണ് യേശു സംസാരിക്കുന്നത്.
വിത്ത് ദൈവവചനവും വിതക്കാരന്‍ ദൈവവുമാണെന്ന് നമുക്കറിയാം. ലോകത്തിലെ സകല മനുഷ്യരുടെയും ഹൃദയങ്ങളിലാണ് ദൈവം വചനമാകുന്ന വിത്ത് വിതച്ചത്. പക്ഷേ അവയില്‍ നല്ല ഹൃദയങ്ങളില്‍ പതിച്ച വചനം സംപൂര്‍ണ്ണമാവും, ആ ഹൃദയത്തിന്‍റെ ഉടമ വ്യാപരിക്കുന്നടത്തെല്ലാം നൂറുമേനി വിളവ് വിളമ്പും എന്ന അര്‍ത്ഥം നാം ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.

വചനമാകുന്ന വിത്ത് സ്വീകരിക്കാന്‍, അത് മുളച്ച് തഴച്ചു വളരാന്‍, നൂറു മേനി ഫലം വിതച്ചവനു കൊടുക്കാന്‍, നാം സജ്ജരാണോ? ഓരോരുത്തരും സ്വയം ചോദിക്കേണ്ടുന്ന ചോദ്യമാണിത്. ദൈവത്തിന്‍റെ കൈയിലിരിക്കുന്ന വിത്ത് സമൃദ്ധമായി വിളവു തരുന്നതാണ്. അതു മുളയ്ക്കാന്‍, വളരാന്‍,നാം നമ്മുടെ മനസ്സും ഹൃദയവും ചിന്തയും സംപുഷ്ടമാക്കണം. ഇതല്ലേ യേശു ജനക്കൂട്ടത്തോടു പറഞ്ഞത്? ആ ജനക്കൂട്ടതില്‍ നാമോരോരുത്തരും ഇല്ലേ?.
ഇവിടെ യേശു പറയാതെ ബാക്കിവെച്ച ഒരു കാര്യത്തെപ്പറ്റിക്കൂടി ചിന്തിക്കുന്നത് ഉചിതമായിരിക്കും.

തീര്‍ച്ചയായും വിതക്കാരന്‍റെ കുട്ടയില്‍ വിത്ത് ധാരാളം ഉണ്ട്. അതു മുഴുവനും വിതയ്ക്കപ്പെട്ടിട്ടില്ല. അതു വിതയ്ക്കാന്‍, ഫലഭൂയിഷ്ടമായ നല്ല മണ്ണ് വിതക്കാരന്‍ എവിടെയൊക്കെയോ അന്വേഷിക്കുന്നുണ്ട്. നാമോരോരുത്തരും ചിന്തിക്കണം, നമ്മുടെയുള്ളില്‍ ആ വിത്ത് വിതയ്ക്കപ്പെട്ടിട്ടുണ്ടോ എന്ന്. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെ അന്വേഷിക്കുന്നുണ്ട്. നമ്മുടെ ഹൃദയം ദൈവത്തിനു മുന്‍പില്‍ തുറന്നു വയ്ക്കുകയേ വേണ്ടു. ദൈവമാകുന്ന ആ വിത്ത് അപ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വന്നു വീഴും.




