ആത്മാവിനെ കഴുകുന്നവന്‍

(യോഹന്നാന്‍ 13, 1-15)
പെസഹാദിവസം യേശു തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്ന പ്രവൃത്തിയാണ് മേല്‍ സൂചിപ്പിച്ച സുവിശേഷഭാഗത്തില്‍. ലോകചരിത്രത്തില്‍ ആദ്യമായും അവസാനമായും നടന്ന അത്യപൂര്‍വ്വമായ ഒരു പ്രവൃത്തിയായിരുന്നു അത്.
നിങ്ങള്‍ കുളിച്ചു ശുദ്ധിയുള്ളവരായതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ മാത്രമേ കഴുകേണ്ടതുള്ളു എന്ന് യേശു പറയുന്നതിന്‍റെ പൊരുള്‍ എന്താണ്?

നിങ്ങള്‍ മണ്ണിലെ ചെളിയിലൂടെയാണ് നടക്കുന്നത്. ശരീരം എത്ര ശുദ്ധിയുള്ളതായാലും നിരന്തരം ചെളിയിലൂടെ നടന്നാല്‍ നിങ്ങളുടെ പാദങ്ങള്‍ അഴുക്കാവുകതന്നെ ചെയ്യും. നിങ്ങളുടെ പാദങ്ങള്‍ അഴുക്കിലൂടെ സഞ്ചരിക്കുന്നു, നിങ്ങള്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നു, എന്ന ധ്വനിയും യേശുവിന്‍റെ വാക്കുകളില്‍ ഉണ്ട്. ജനിച്ചുവീഴുന്ന ഒരുകുഞ്ഞ് പൂര്‍ണ്ണമായും വിശുദ്ധമാണ്. കുഞ്ഞ് വളരുമ്പോഴാണ്, അശുദ്ധിയിലേക്കും പാപവഴിയിലൂടെയും അവന്‍ സഞ്ചരിക്കുന്നത്.

നാം ജീവിക്കുന്ന ഈ പ്രകൃതിയും ഒഴുകുന്ന അരുവികളും വിടരുന്ന പൂക്കളും പ്രഭാതവും പ്രദോഷവും വെയിലും മഴയുംഎല്ലാം വിശുദ്ധമാണ്. സ്വച്ഛമായി, തെളിനീരായി, ഒഴുകുന്ന ഒരു അരുവിയിലേക്ക് നാം കുറച്ച് ചെളിവാരിയെറിഞ്ഞാല്‍ വിശുദ്ധമായ ആ അരുവിഅഴുക്കാവുകയെന്നത് സ്വഭാവികമാണല്ലോ. മനുഷ്യരുടെകാര്യവും വിഭിന്നമല്ല. ശിഷ്യരുടെ മനസ്സിനുള്ളിലെ അഴുക്കിനെയാണ്, അവരുടെ ആത്മാവിനെയാണ്, അവന്‍ കഴുകുന്നത്, സാങ്കല്പികമായി.

ഓര്‍ക്കണം, നമ്മുടെ അശുദ്ധമായ ശരീരത്തെയല്ല, മറിച്ച് പാപപങ്കിലമായആത്മാവിനെയാണ് നാം കഴുകേണ്ടത് എന്ന വലിയ ആശയമാണ് ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട ്യേശു ലോകത്തിനു മാതൃക കാണിച്ചുകൊടുക്കുന്നത്. പ്രഭാഷണങ്ങളിലൂടെയല്ല, ജീവിതകാലം മുഴുവന്‍ തന്‍റെ പ്രവൃത്തികള്‍ കൊണ്ട്, ജീവിതം കൊണ്ട്, ആണ് യേശു ലോകത്തിനു മാതൃ കകാട്ടിയത്. തന്‍റെജീവിതം തന്നെയാണ് ലോകത്തിനു വിട്ടുകൊടുത്തത്.

‘ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല’ എന്ന വാക്കുകളിലൂടെ വലിയൊരു സത്യമാണ് യേശു ലോകത്തോട് പറഞ്ഞത്. ദൈവത്തിനാല്‍ നാം കഴുകപ്പെടണം, നമ്മുടെ ഉള്ളം ശുദ്ധമാകണം,അല്ലെങ്കില്‍ നിങ്ങള്‍ ദൈവത്തോടൊപ്പമല്ല, എന്നാണ്ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നതിലൂടെ യേശു പ്രബോധിപ്പിക്കുന്നത്. പന്ത്രണ്ടു ശിഷ്യരെയല്ല അവന്‍ കഴുകാന്‍ ശ്രമിച്ചത്. ഈ ലോകത്തിലെ സകല മനുഷ്യരെയും ആണ്.
പാദങ്ങള്‍ കഴുകിയതിനു ശേഷം,’ഞാന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു’ എന്നാണ് യേശു പറഞ്ഞത്. നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണമെന്നുകൂടി യേശു പറഞ്ഞു. ‘നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന യേശുവിന്‍റെവാക്കുകള്‍കൂടി ഇവിടെ ചേര്‍ത്തുവച്ച് ചിന്തിക്കേണ്ടതാണ്.

അയല്‍ക്കാരന്‍ എന്നതുകൊണ്ട് യേശു ഉദ്ദേശിച്ചത് തീര്‍ച്ചയായും നമ്മുടെ അയല്‍ വീടുകളിലെ മനുഷ്യരെയല്ല. മറിച്ച്, നമ്മള്‍ ഇടപഴകുന്ന സകല മനുഷ്യരെയും, പ്രകൃതിയെയും ചെടികളെയും പൂക്കളെയും ചിത്രശലഭങ്ങളെയും പക്ഷിമൃഗാദികളെയും അരുവികളെയും കാറ്റിനെയുംമഴയെയും വെയിലിനെയും എല്ലാം സ്നേഹിക്കണമെന്നാണ്.
ഈ പെസഹാദിനത്തില്‍ പന്ത്രണ്ടു പേരുടെ പാദങ്ങള്‍ മാത്രമല്ല നാം കഴുകേണ്ടത്. നമ്മുടെയും നമ്മോട് ഇടപെടുന്ന സകല മനുഷ്യരുടെയും ഉള്ളങ്ങളെയാണ് എന്ന മഹത്തായ മാതൃകയാണ് യേശു നമുക്കു നല്‍കിയതെന്ന് നാം മനസ്സിലാക്കണം.

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES